അയിഷ സ്കൂള്‍ വിട്ടു വന്നതാണ്. അച്ഛനും അനിയനും മുറ്റത്തു നിന്നും മാവിന്റെ മുകളിലേക്കുനോക്കി നില്‍ക്കുന്നുണ്ട്. നോക്കിയപ്പോള്‍ മാങ്ങ പറിക്കാനായി മുണ്ടും മടക്കിക്കുത്തി അമ്മ മാവിന്റെ മുകളില്‍. അച്ഛന് താഴെ നിന്നും ആ മാങ്ങ, ഈ മാങ്ങ എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അമ്മയതൊക്കെ പറിച്ചു താഴേക്കിടുന്നുമുണ്ട്. അതു കണ്ടതോടെ അയിഷയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അവളുടെ കണ്ണുചെന്നു നിന്നത് അമ്മയുടെ ഇടതുവശത്തുള്ള കൊമ്പിലെ വലിയ മാങ്ങയിലാണ്. "അമ്മേ അതൊന്നു പറിച്ചു തരുമോ?" അവള് ചോദിച്ചു.
"നിനക്കെന്തിനാ ഇത്രയും വലിയ മാങ്ങ? വേണമെങ്കില്‍ ഒരു കണ്ണിമാങ്ങ പറിച്ചു തരാം". അമ്മയവളെ കളിയാക്കി. "ങ്ഹും..." അവള് ഒന്നു ചിണുങ്ങിക്കാണിച്ചു. പക്ഷേ പെട്ടെന്നാണ് അവളുടെ മുഖം വിടര്‍ന്നത്, ഉടന്‍ ഒരാവശ്യവും. "എനിക്കു രണ്ടു മാങ്ങയും വേണം. പറിച്ചിട്ടു താഴെക്കിടണ്ട. അമ്മയുടെ കയ്യില്‍ വച്ചാല്‍ മതി". "എന്റെ കയ്യില്‍ വച്ചാല്‍ എങ്ങിനെയാ നിനക്കു മാങ്ങ കിട്ടുക?" അമ്മയുടെ മറുചോദ്യം. "അമ്മ മാങ്ങ പറിക്കൂ എന്നിട്ടു പറയാം." അവള് ഇത്തിരി ശുണ്ഠിയോടെ ചിണുങ്ങിപ്പറഞ്ഞു.
എന്തായാലും അവളുടെ ശുണ്ഠി തീര്‍ക്കാനായി ഒരു കണ്ണിമാങ്ങയും ഒരു വലിയ മാങ്ങയും പറിച്ചെടുത്ത് അമ്മ കയ്യില്‍ വച്ചു. "ഇനി അതു രണ്ടും ഒരുമിച്ചു പിടിച്ചു നിലത്തേക്കിട്ടേ.." അയിഷയുടെ അടുത്ത ആവശ്യം! "ന്തെല്ലാം ആവശ്യങ്ങളാ കുട്ട്യേ നിനക്ക്." അമ്മ ചോദിച്ചു. "അതു രണ്ടും ഒരുമിച്ചു താഴേക്കിടൂ..." അമ്മ പറഞ്ഞതു കേട്ടില്ലെന്ന മട്ടില്‍ അവള് വീണ്ടും പറഞ്ഞു. "അവളു പറഞ്ഞതല്ലേ , ചെയ്തുകൊടുത്തേരെ" അതു പറയുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. അമ്മ രണ്ടുമാങ്ങയും ഒരുമിച്ചു താഴേക്കിട്ടു. അയിഷയുടെ മുന്നിലായി രണ്ടു മാങ്ങയും ഒരുമിച്ചു നിലത്തുവീണു. "അമ്മ ഗലീലിയോയായേ.....രണ്ടു മാങ്ങയും ഒരുമിച്ചു താഴെ വീണേ.." അയിഷയുടെ ആഹ്ലാദം വളരെ ഉച്ചത്തില്‍ തന്നെയായിരുന്നു. മരത്തിനു മുകളില്‍ നിന്നും താഴെ നിന്നും ഒരേ സമയം പൊട്ടിച്ചിരികളുയര്‍ന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അനിയനും കൈകൊട്ടിച്ചിരിച്ചു. "ഗലീലി അങ്ങിനെ ചെയ്തോ എന്നൊന്നും അറിയില്ല, പക്ഷെ വലിയ മാങ്ങ, ചെറിയ മാങ്ങ എന്നൊന്നുമില്ല, ഒരുമിച്ചു നിലത്തേക്കിട്ടാല്‍ അവ ഒരുമിച്ചേ നിലത്തുവീഴൂ.." ചിരിയടക്കാന്‍ പാടുപെട്ടിട്ടാണെങ്കിലും അച്ഛന് അവളെ അടുത്തു വിളിച്ചിട്ടു പറഞ്ഞു. "മാങ്ങ വേണോന്നു പറഞ്ഞിട്ട് അതെടുക്കുന്നില്ലേ?" മുകളില്‍ നിന്നും അമ്മയുടെ ശബ്ദം. പരീക്ഷണം കഴിഞ്ഞ മാങ്ങയെടുക്കാന്‍ തിരിഞ്ഞു നോക്കിയ അയിഷ കണ്ടത് മാങ്ങ വായ്ക്കുള്ളിലാക്കി പുതിയ പരീക്ഷണത്തിനൊരുമ്പെടുന്ന കുഞ്ഞനിയനെയാണ്.
2 comments:
"വലിയ മാങ്ങ, ചെറിയ മാങ്ങ എന്നൊന്നുമില്ല, ഒരുമിച്ചു നിലത്തേക്കിട്ടാല്‍ അവ ഒരുമിച്ചേ നിലത്തുവീഴൂ"... കൊള്ളാം...
ഒരുമിച്ചല്ല വീണത്. ഞാന്‍ സമ്മതിക്കില്ല. മൈക്രോസെക്കന്റുകള് വ്യത്യാസത്തിലാണ്
Post a Comment